കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന് സന്നദ്ധസംഘടനകള്‍ക്ക് സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയതായി പരാതി.
വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചതായും പലപ്പോഴായി 27 ലക്ഷത്തോളം രൂപ വാങ്ങിയതായും മലപ്പുറം സ്വദേശി കെ. റിന്‍ഷാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തുന്നതിന് ട്രസ്റ്റിന്റെ രജിസ്ട്രേഷനും രേഖകള്ക്കുമെന്ന നിലയില്‍ പല തവണയായി പണം വാങ്ങുകയായിരുന്നു. അഭിഭാഷകനാണെന്നാണ് ബിജു പറഞ്ഞിരുന്നത്. പിന്നീട് സുഹൃത്ത് വഴിയാണ് സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനാണെന്ന് അറിയുന്നത്.
തട്ടിപ്പ് മനസിലായി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബിജുവും ഭാര്യയെന്നു പരിചയപ്പെടുത്തിയ നിഷാ പീറ്ററും ഭീഷണിപ്പെടുത്തിയെന്നും റിന്‍ഷാദ് പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും കടവന്ത്ര പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.